ഷിംല: ഹിമാചൽ പ്രദേശിലെ മണാലിയിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നിർമാണത്തിലിരുന്ന പാലത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. രാജസ്ഥാൻ സ്വദേശി കൈലാഷ് (34) ആണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശി ആദിത്യ, സിക്കാർ സ്വദേശികളായ രാജേന്ദ്ര, സിദ്ധാർത്ഥ എന്നിവർക്കാണ് പരിക്കേറ്റത്.
മണാലിയിൽ നിന്ന് ലാഹോളിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് നദിക്ക് സമീപത്തേക്ക് മറിഞ്ഞു. ഡ്രൈവർക്ക് തിരിവ് കൃത്യമായി എടുക്കാൻ കഴിയാതെ നിർമാണത്തിലിരുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.